കലോത്സവ മാതൃകയില്‍ ബാല കര്‍ഷക കോണ്‍ഗ്രസ് സംഘടിപ്പിക്കും
കുട്ടികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കാനുതകുന്ന സ്‌കൂള്‍ കലോത്സവം പോലെ കുട്ടികളെ കാര്‍ഷികരംഗത്തേക്ക് അടുപ്പിക്കാനും അതിലൂടെ പുതിയൊരു കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കാനും വേണ്ടി സംസ്ഥാനത്ത് ബാല കര്‍ഷക കോണ്‍ഗ്രസ് സംഘടിപ്പിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കേരള സ്‌കൂള്‍ കലോത്സവത്തോടനുന്ധിച്ച് കൃഷിവകുപ്പും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും പ്രധാന വേദിയ്ക്കു സമീപത്തെ പ്രദര്‍ശനശാലയില്‍ സംഘടിപ്പിച്ച കുട്ടികളുമായുള്ള കൃഷിമന്ത്രിയുടെ സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷിയെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് ദിനംപ്രതി അവയെപ്പറ്റി അറിയാന്‍ അവസരമുണ്ടാക്കും. ഇതിലൂടെ കാര്‍ഷികരംഗത്തെ സ്വയംപര്യാപ്തതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കുട്ടികള്‍ക്ക് കൃഷിരീതിയില്‍ വ്യക്തമായ ധാരണയുണ്ടാക്കും. നമ്മുടെ വീട്ടുമുറ്റത്തും തൊടിയിലും നട്ടുവളര്‍ത്തുന്ന രീതിയിലേക്ക് പച്ചക്കറിയെ വികസിപ്പിക്കാന്‍ കുട്ടികളിലൂടെ തന്നെ ശ്രമിക്കും. കര്‍ഷകര്‍ കൃഷി ചെയ്യുന്ന നെല്ലും പച്ചക്കറിയുമെല്ലാം ഇടനിലക്കാരില്ലാതെ ഗ്രാമച്ചന്തകള്‍ വഴി ജനങ്ങളിലെത്തിക്കാനുള്ള അവസരവും ഒരുക്കും. ഈ വര്‍ഷം തന്നെ ഇത്തരത്തിലുള്ള 1000 ചന്തകള്‍ ആരംഭിക്കും. കൃഷിയെ വെറും ഉപജീവനമായി കണാതെ അത് മറ്റുള്ളവര്‍ക്കു കൂടി ഉപകരിക്കുന്ന രീതിയില്‍ കൃഷി ചെയ്യാന്‍ ഓരോ കര്‍ഷകരും ശ്രമിക്കച്ചേ പറ്റൂ. തരിശൂഭൂമിയെ ഏതുതരത്തിലും ഹരിതവത്കരിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമമാരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കര്‍ഷകര്‍ക്കായി കര്‍ഷക ക്ഷേമബോര്‍ഡ് രൂപീകരിക്കും. ഇതിലൂടെ കര്‍ഷകരുടെ പഠിക്കുന്ന മക്കള്‍ക്കും വിവിധ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാനും സാധിക്കുമെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ കേരളത്തെ സ്വയംപര്യാപ്ത കാര്‍ഷിക കേന്ദ്രമാക്കി മാറ്റാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളില്‍ യന്ത്രവത്കരണം അത്യാവശ്യമാണ്. വേണ്ടരീതിയില്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ കാര്‍ഷിക കര്‍മ്മസേനകള്‍ രൂപീകരിക്കും. തേനീച്ച പരിപാലനത്തിനായി ഹണി മിഷന്‍ പദ്ധതി ഇന്ത്യയിലാദ്യമായി സംസ്ഥാനത്ത് നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംവാദത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, ജൈവവള പ്രയോഗം, പാട്ടകൃഷി, പ്രകൃതി ദുരന്തം, കരനെല്‍കൃഷി, വാഴകൃഷി, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങിയ കുട്ടികളുടെ ചോദ്യങ്ങള്‍ക്കും കൃഷിവകുപ്പ് മന്ത്രി മറുപടി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും പച്ചക്കറി തൈകളും കൃഷി വിജ്ഞാന പുസ്തകങ്ങളും സൗജന്യമായി നല്‍കി. സംവാദത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ കൃഷി ഓഫീസര്‍ കെ.എസ്.ലാലി അധ്യക്ഷത വഹിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശക സമിതിയംഗം സി.ഡി. സുനീഷ്, ഫാം ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായ റോസ് മേരി, അനിത തുടങ്ങിയവരും പങ്കെടുത്തു.
Comments are closed.