മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളെ പ്രത്യേക ക്ഷീര മേഖലയായി പ്രഖ്യാപിച്ചു
മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളെ പ്രത്യേക ക്ഷീര മേഖലയായി പ്രഖ്യാപിച്ചു. വയനാട് ജില്ലാ ക്ഷീര കര്‍ഷക സംഗമവും സുല്‍ത്താന്‍ ബത്തേരി ഐസ്‌ക്രീം പ്ലാന്റ് ഉദ്ഘാടനവും ബത്തേരി ടൗണ്‍ഹാളില്‍ നിര്‍വഹിക്കവേയാണ് വനം, മൃഗ സംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പ്രഖ്യാപനം നടത്തിയത്. ഇതോടെ ഈ ബ്ലോക്കുകളില്‍ നടപ്പാക്കുന്ന സാധാരണ ക്ഷീരപദ്ധതികള്‍ക്ക് പുറമേ ഒരു വര്‍ഷം 50 ലക്ഷം രൂപ കൂടി അധികമായി ലഭിക്കും.
2.5 കോടി രൂപയുടെ അധിക പദ്ധതികളാണ് അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് മാനന്തവാടി, കല്‍പ്പറ്റ ബ്ലോക്കുകളില്‍ നടപ്പാക്കാന്‍ കഴിയുകയെന്നും മന്ത്രി പറഞ്ഞു. ക്ഷീര ഉത്പാദനത്തിലും സംഭരണത്തിലും സ്വയപര്യാപ്തത കൈവരിക്കാന്‍ വേണ്ടിയുളള ശ്രമങ്ങളുടെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രഖ്യാപനം. കന്നുകുട്ടികളെ ദത്തെടുക്കുന്ന പദ്ധതികളും ഉടനെ നടപ്പിലാക്കും.
ന്യായമായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ നിരാശയിലാണെങ്കിലും പ്രത്യാശയുടെ മേഖലായാണ് ക്ഷീരമേഖല. 2017-18 ബഡ്ജറ്റില്‍ 107 കോടി രൂപയാണ് മേഖല ക്കായി സര്‍ക്കാര്‍ നീക്കി വെച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതമായ 300 കോടി രൂപയടക്കം 407 കോടി രൂപ ക്ഷീര മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി നടപ്പു വര്‍ഷം അനുവദിച്ചിട്ടുണ്ട്. ക്ഷീരകര്‍ഷക സമ്മേളനങ്ങളില്‍ നിന്ന് ഉയരുന്ന ആവശ്യങ്ങള്‍ക്കായിരിക്കും പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ മുന്തിയ പരിഗണന നല്‍കുക. അതിനാല്‍ കര്‍ഷക സമ്മേളനങ്ങളില്‍ ക്ഷീരകര്‍ഷകരുടെ പ്രാതിനിധ്യം കൂടുതല്‍ വേണം. ക്ഷീരവകുപ്പിലെ ഉദ്യോഗസ്ഥര്‍ സമയാസമയങ്ങളില്‍ സംഘങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. അംഗങ്ങള്‍ ക്ഷേമനിധിയിലേക്ക് അടക്കുന്ന വരിസംഖ്യ യഥാസമയം ബോര്‍ഡില്‍ നിക്ഷേപിക്കണമെന്നും മന്ത്രിപറഞ്ഞു.
വന്യജീവികളുടെ ആക്രമണം തടയുന്നതിന് സുരക്ഷാ വേലികള്‍ സ്ഥാപിക്കാനായി കൂടുതല്‍ തുക അനുവദിക്കുമെന്നും കര്‍ഷകര്‍ക്കു നേരിടുന്ന നഷ്ടം നികത്താനുളള നടപടികള്‍ക്ക് താമസം നേരിടുന്ന സാഹചര്യം ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 38 വര്‍ഷം കൊണ്ട് മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയ സംഭാവനകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ ഇല്ലെങ്കില്‍ ക്ഷീരസംഘവും ക്ഷീരവകുപ്പും ഇല്ലാത്ത സാഹര്യമാണ് ഉണ്ടാകുകയെന്നും മന്ത്രി ഓര്‍മിപ്പിച്ചു. ക്ഷീരകര്‍ഷനെയും കുടുംബാംഗങ്ങളെയും ഇന്‍ഷൂര്‍ ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ക്ഷീരമേഖലയ്ക്ക് മാത്രമായി ബാങ്ക് ആരംഭിക്കുന്ന കാര്യവും പരിഗണിക്കും. കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായപ ലഭ്യമാക്കുന്നതിനു വേണ്ടിയാണിത്. കോഴി, മുട്ട ഉത്പാദത്തിലും സ്വയം പര്യാപ്തത നേടണമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ യൂണിറ്റുകള്‍ വഴി 5000 കോഴി യൂണിറ്റുകള്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
Comments are closed.