പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യജാഗ്രത പരിപാടിക്ക് തുടക്കം
പകര്‍ച്ചവ്യാധികള്‍ ഒരു ദുരന്തമായി മാറാതിരിക്കാന്‍ സമൂഹം മുന്‍കൈയ്യെടുക്കണമെന്നും ശുചിത്വബോധം പൊതുബോധമായി വളര്‍ത്താന്‍ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി ഏ സി മൊയ്തീന് പറഞ്ഞു. പകര്‍ച്ചവ്യാധികളും മരണനിരക്കും ഏറിവരുന്ന പശ്ചാത്തലത്തില്‍ അവയെ നേരിടാന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധികള്‍ക്കെതിരെ എന്ന കര്‍മ്മപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ ടാഗോര്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ഏ സി മൊയ്തീന്. പകര്‍ച്ചവ്യാധികളെ നേരിടാന്‍ ഔപചാരികതയ്ക്കപ്പുറത്തേക്ക് ഉദ്യോഗസ്ഥ സമൂഹം മുന്നോട്ട് വരണമെന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതികളുമായി സഹകരിക്കണമെന്നും മന്ത്രി ഏ സി മൊയ്തീന് പറഞ്ഞു.
ബോധവല്‍ക്കരണത്തോടൊപ്പം പ്രവര്‍ത്തന പദ്ധതികളുടെ മുന്നോട്ട് വെക്കുന്നതാണ് ആരോഗ്യജാഗ്രത പദ്ധതി. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മറ്റ് വകുപ്പുകളെ ഏകോപിപ്പിച്ചൂ കൊണ്ട് മഴക്കാലത്തിന് മുന്നോടിയായി സമഗ്ര, ബോധവല്‍ക്കരണ, ശുചീകരണ, കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തലം മുതല്‍ നടപ്പിലാക്കുകയാണ് ആരോഗ്യജാഗ്രത പരിപാടിയുടെ ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സുഹിത വിഷയം അവതരിപ്പിച്ചു. മേയര്‍ അജിത ജയരാജന്, എം എല്‍ എ മാരായ മുരളി പെരുനെല്ലി, യു ആര് പ്രദീപ്, ഇ ടി ടൈസണ്‍മാസ്റ്റര്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്, സബ് കളക്ടര്‍ ഡോ. രേണുരാജ്, അസിസ്റ്റന്റ് കളക്ടര്‍ വിനയ് ഗോയല്‍, പൊതുജനാരോഗ്യം, അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ.റീന, ആയൂര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീല ബി കാറളം, മുന്‍സിപ്പല്‍ ചെയര്‍മാന്‍സ് അസോസിയേഷന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ എച്ച് അക്ബര്‍, മറ്റ് ജനപ്രതിനിധികള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, നഗരസഭ ചെയര്പേഴ്സണ്മാര്, ആരോഗ്യ സ്ഥിരം സമിതി ഭാരവാഹികള്‍, വിവിധ വകുപ്പു തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പദ്ധതിയനുസരിച്ച് ജനുവരി 10 ന് വാര്‍ഡ് തലത്തില്‍ മൈക്രോ പ്ലാനുകള്‍ തയ്യാറാക്കും. 13, 14 തീയതികളില്‍ വിളിച്ച് ചേര്‍ക്കുന്ന ആരോഗ്യജാഗ്രതാ ഗ്രാമസഭകള്‍ വിഷയം ചര്‍ച്ച ചെയ്യും. കുടുംബശ്രീ, ശുചിത്വമിഷന്, അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരും. വാര്‍ഡ് തല ആരോഗ്യ ശുചിത്വ പോഷണ സമിതി കണ്‍വീനര്‍മാര്‍ക്കുളള ജില്ലാതല ഓറിയന്റേഷന്‍, സമിതി അംഗങ്ങള്‍ക്കുളള ഓറിയന്റേഷന്‍ എന്നിവ സംഘടിപ്പിക്കും. ജനുവരി 20 ന് ആരോഗ്യ സ്ഥാപന-ആശുപത്രി ശൂചീകരണദിനമായി ആചരിക്കും. ജനുവരി 21 ന് ആരോഗ്യ ജാഗ്രതാ ഗൃഹസന്ദര്‍ശനം, രോഗപ്രതിരോധ അവസ്ഥാ നിര്‍ണ്ണയം എന്നിവ നടക്കും. ജനുവരി 26 മുതല്‍ ഫെബ്രുവരി 10 വരെ കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ രോഗപ്രതിരോധ ആരോഗ്യജാഗ്രത ഇടപെടല്‍ നടത്തും.
മാധ്യമപ്രവര്‍ത്തകര്‍ക്കായി ശില്പശാല സംഘടിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെ ആരോഗ്യ ജാഗ്രത ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കും. ഫെബ്രുവരി 9 ന് മാര്‍ക്കറ്റുകള്‍, സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ ശൂചീകരിക്കും. ഫെബ്രുവരി 17 ന് ആരോഗ്യ ജാഗ്രതദിനത്തിന്റെ ഭാഗമായി വീടുകള്‍ സ്ഥാപനങ്ങള്‍, പൊതുഇടങ്ങള്‍, സമ്പൂര്‍ണ്ണമായി ശൂചീകരിക്കും. തുടര്‍ന്ന് എല്ലാ ഞായറാഴ്ചകളിലും ജാഗ്രതദിനമായി ആചരിക്കും. ഓഫീസുകളില്‍ തിങ്കളാഴ്ച ഡ്രൈഡേ ആയി ആചരിക്കും. മാര്‍ച്ചില്‍ ഡെങ്കിബാധിത പ്രദേശങ്ങളില്‍ ഈഡിസ് കൊതുകള്‍ പെരുകുന്നതിനെതിരെ പ്രത്യേക ഇടപെടല്‍ നടത്തും. ലോകാരോഗ്യ ദിനമായ ഏപ്രില്‍ 7 ന് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏപ്രില്‍ 8 ന് എല്ലാ വീടുകളിലും ആരോഗ്യജാഗ്രത പാലനം വിലയിരുത്തും.
Comments are closed.