ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് കേരള സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 44 കോടി രൂപ
സംസ്ഥാനത്ത് ഒന്‍പത് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് 24 കോടി രൂപ ചെലവില്‍ ഒന്‍പത് ക്ഷേത്രനഗരികള്‍ സ്ഥാപിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം നെന്മിനി വൈഷ്ണവം കല്യാണമണ്ഡപത്തിന്റെയും 2017-18 ക്ഷേത്ര സഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 235 കോടി രൂപ ചെലവില്‍ 235 ഇടത്താവളങ്ങള്‍ ഒരുക്കും. ഇതിന്റെ ആദ്യഘട്ടം ജനുവരിയില്‍ ആരംഭിക്കും. ഏഴ് ഇടത്താവളങ്ങളാണ് ഈ ഘട്ടത്തില്‍ ഒരുക്കുക. കാവുകളുടെ സംരക്ഷണത്തിനായി 34 കോടിയും ഏഴ് നാലമ്പലങ്ങളുടെ വികസനത്തിനായി ഏഴ് കോടിയും വകയിരുത്തിയിട്ടുണ്ട്. ഗുരുവായൂരില്‍ അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനായി കുറൂരമ്മ ഭവന്‍ വിപുലീകരിക്കും.
ഗുരുവായൂരില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനത്തിനായി സര്‍ക്കാര്‍ ഇതുവരെ 44 കോടി രൂപ ചെലവഴിച്ചു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആശുപത്രിക്ക് പ്രത്യേക പാക്കേജില്‍ ഉള്‍പ്പെടുത്തി പണം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വം ഭരണസമിതി ചെയര്‍മാന്‍ എന്‍. പീതാംബരകുറുപ്പ് അധ്യക്ഷത വഹിച്ചു.
ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഭരണ സമിതിയംഗങ്ങളായ ടി.കെ. സുധാകരന്‍, വി.അശോകന്‍, കുഞ്ഞുണ്ണി എന്നിവര്‍ ആശംസ നേര്‍ന്നു. ദേവസ്വം ഭരണസമിതിയംഗം കെ. ഗോപിനാഥന്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റര്‍ എം.വി. ഗിരീശന്‍ നന്ദിയും പറഞ്ഞു.
Comments are closed.