News in its shortest

ഓഖി ദുരന്തം: കേരളം 7,340 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു

ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനഃരധിവസിപ്പിക്കുന്നതിനും തീരദേശമേഖലയുടെ പുനര്‍നിര്‍മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രിക്കു മുമ്പില്‍ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചു. ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വൈകിട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേകപാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രത്യേകപാക്കേജ് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ദുരിതാശ്വാസ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് എല്ലാ സഹായവും ഉണ്ടാകും. ദുരന്തങ്ങള്‍ പ്രവചിക്കുന്നിനുളള സാങ്കേതികവിദ്യയും സംവിധാനവും മെച്ചപ്പെടുത്തും. മുന്‍കൂട്ടി ചുഴലി മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ റിപ്പോര്‍ട് കേന്ദ്രസര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനും ദുരന്തബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനും സാധ്യമായതെല്ലാം സംസ്ഥാനസര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖ പ്രകാരം കണക്കാക്കിയ നഷ്ടം 422 കോടി രൂപയാണ്. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം ഇതിലും എത്രയോ അധികമാണ്. എന്‍.ഡി.ആര്‍.എഫ് നിബന്ധനകള്‍ പ്രകാരം കണക്കാക്കുന്ന തുക, യഥാര്‍ത്ഥ നഷ്ടം നികത്തുന്നതിന് തീര്‍ത്തും അപര്യാപ്തമായതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ 7340 കോടി രൂപയുടെ പ്രത്യേകപാക്കേജ് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

Comments are closed.