News in its shortest

സംസ്ഥാനത്ത് 7801.10 ഹെക്ടര്‍ വനഭൂമി കയ്യേറിയിട്ടുണ്ടെന്ന് വനംമന്ത്രി

കേരളത്തില്‍ 7801.10 ഹെക്ടര്‍ വനഭൂമി കയ്യേറിയിട്ടുണ്ടെന്ന്‌ വനം മന്ത്രി കെ രാജു. 1977 ജനുവരി ഒന്നു മുതല്‍ 2016 മാര്‍ച്ച് 31 വരെയുള്ള കണക്കാണിതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

സ്വാഭാവിക വനഭൂമിയുടെ സംരക്ഷണത്തിനായി വനാതിര്‍ത്തി സര്‍വേ നടത്തി വേര്‍തിരിക്കുന്ന പ്രവര്‍ത്തി നടന്നു വരികയാണെന്നും അപ്രകാരം സര്‍വേ നടത്തി 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 12,500-ല്‍ പരം ജണ്ടകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 9,200 ഓളം ജണ്ടകള്‍ നിര്‍മ്മിച്ചു.

കയ്യേറ്റം ഒഴിപ്പിക്കുന്നതിന് അധിക സമയവും നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ വ്യക്തതയും ആവശ്യപ്പെട്ടു കൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ പെറ്റീഷനില്‍ അന്തിമ വിധി വന്നിട്ടില്ല.

കയ്യേറ്റക്കാര്‍ക്ക് കേരള ലാന്റ് കണ്‍സര്‍വന്‍സി ആക്ട് 1957, കേരള ഫോറസ്റ്റ് ആക്ട് 1961 എന്നിവ പ്രകാരം നോട്ടീസ് നല്‍കി കയ്യേറ്റം ഒഴിപ്പിക്കണമെന്ന് 2015 ഒക്ടോബറില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Comments are closed.