ജെന്‍ഡര്‍ ജസ്റ്റിസും ജനാധിപത്യവും തേങ്ങയാണോ മാങ്ങയാണോ എന്നു തിരിച്ചറിയാത്ത ഭൂരിപക്ഷമാണ് ന്യൂസ്റൂമുകള്‍ അടക്കിവാഴുന്നത്
കെ ആര്‍ മീര
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന്‍റെ സദാചാര ആക്രമണത്തിനു വിധേയയായ ആ യുവപത്രപ്രവര്‍ത്തകയോട് ഞാന്‍ സംസാരിച്ചു.
അവള്‍ പറഞ്ഞു : ‘‘ ആ സംഭവത്തിനു ശേഷം എനിക്ക് ഒരു പുകമറ പോലെയായിരുന്നു. ഇതൊക്കെ എന്‍റെ ജീവിതത്തില്‍ സംഭവിച്ചു എന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മോള്‍ വല്ലാത്ത ഷോക്കിലാണ്. സ്കൂളില്‍ പോയ ദിവസം മോന്‍ വൈകിട്ട് വന്നു പറഞ്ഞു, അമ്മ എന്താണ് എനിക്ക് ഇത്ര കുറച്ച് ലഞ്ച് തന്നു വിട്ടത്? പാത്രത്തില്‍ ഒന്നുമുണ്ടായിരുന്നില്ലല്ലോ. സത്യത്തില്‍ എനിക്ക് ഓര്‍മ്മയില്ല, ഞാന്‍ എന്താണ് അവനു കൊടുത്തുവിട്ടത് എന്ന്. ഒന്നും ഓര്‍മ്മയില്ല. എല്ലാം കാണുന്നുണ്ട്, പക്ഷേ, മനസ്സില്‍ പതിയുന്നില്ല. ആദ്യത്തെ ഷോക്ക് മാറിയപ്പോള്‍ എനിക്ക് ഒരു പുകച്ചിലായിരുന്നു. മനുഷ്യര്‍ക്ക് ഇങ്ങനെയൊക്കെ പെരുമാറാന്‍ എങ്ങനെയാണു സാധിക്കുന്നത്? പക്ഷേ, ഒരു കാര്യമുണ്ട് ചേച്ചീ. ഇതിനു ശേഷമാണ് എനിക്കു മനുഷ്യരെ ശരിക്കും മനസ്സിലായത്. നമ്മള്‍ എത്രയോ കാലമായി കാണുന്ന മനുഷ്യര്‍ക്ക് ഇങ്ങനെയൊരു മുഖമുണ്ട് എന്ന് തെളിച്ചത്തോടെ കാണാന്‍ കഴിഞ്ഞു. അതാണ് ഈ സംഭവത്തില്‍നിന്ന് ഞാന്‍ പഠിച്ചത്. ’’
അവളുടെ ശബ്ദത്തിലെ മരവിപ്പ് എന്നെ ഉലച്ചു. കാരണം, അവള്‍ വന്ന വഴികള്‍ എനിക്കറിയാം. കണ്ണൂരില്‍ ദിനേശ് ബീഡിത്തൊഴിലാളികളായിരുന്നു അവളുടെ അച്ഛനും അമ്മയും. അവള്‍ക്കു പതിമൂന്നു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. രണ്ടു പെണ്‍മക്കളെ കരപറ്റിക്കാന്‍ അവളുടെ അമ്മ ജീവിതത്തോടു നടത്തിയ യുദ്ധങ്ങള്‍ നിസ്സാരമല്ല. അവള്‍ ബി.എയ്ക്കു പഠിച്ചത് പ്രൈവറ്റായി. പിന്നീട് കോഴിക്കോട് പ്രസ് ക്ലബില്‍നിന്നു ജേണലിസം ഡിപ്ലോമ. കണ്ണൂരില്‍നിന്നു തിരുവനന്തപുരത്തെ പത്രം ഓഫിസിലേക്കുള്ള ദൂരം അവള്‍ താണ്ടിയത് കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ടുമാത്രം. അവളുടെ ഭര്‍ത്താവാണെങ്കില്‍ കട്ടപ്പനയിലെ ഒരു കര്‍ഷക കുടുംബത്തിലെ അംഗം. ആളും അര്‍ത്ഥവും രാഷ്ട്രീയ സ്വാധീനവും ഒന്നുമില്ലാത്ത അവള്‍ക്കും ഭര്‍ത്താവിനും സ്വന്തമായൊരു വീടു പോലുമില്ല. അവര്‍ക്ക് ആകെയുള്ള സ്വത്ത് ഈ ജോലിയും അവരുടെ കുടുംബവും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമാണ്.
അവള്‍ അനുഭവിച്ച ആഘാതത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കെയാണ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത വാര്‍ത്ത വന്നത്. രോഷാകുലരായ പെണ്‍കുട്ടികള്‍ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കണ്ടപ്പോള്‍ അഭിമാനം തോന്നി.
അവര്‍ ഏതാനും പേരേയുള്ളൂ– അവര്‍ മാത്രമേയുള്ളൂ– ലോകത്തെ സകലരെയും നല്ലനടപ്പ് പഠിപ്പിക്കുന്ന മലയാള മാധ്യമരംഗത്തുനിന്ന്, തങ്ങളിലൊരാള്‍ക്കു നേരിട്ട അതിക്രമത്തിനെതിരേ പോരാടാന്‍.
കാരണം, ജെന്‍ഡര്‍ ജസ്റ്റിസും ജനാധിപത്യവും തേങ്ങയാണോ മാങ്ങയാണോ എന്നു തിരിച്ചറിയാത്ത ഭൂരിപക്ഷമാണ് ന്യൂസ്റൂമുകള്‍ ഇന്നും അടക്കിവാഴുന്നത്.
അതല്ലായിരുന്നെങ്കില്‍, ആക്രമണം നടന്നതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ സെക്രട്ടറി സ്ഥാനത്തു നിന്നു രാധാകൃഷ്ണനെ പ്രസ് ക്ലബ് പ്രസിഡന്‍റ് സസ്പെന്‍ഡ് ചെയ്തേനെ. പോലീസ് ഉടനടി എഫ്.ഐ.ആര്‍. റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയേനെ.
ഏറ്റവും കുറഞ്ഞത്, മലയാളത്തിലെ പത്രങ്ങള്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയുടെ സദാചാരപോലീസിങ് വാര്‍ത്ത മുക്കാതിരിക്കുകയെങ്കിലും ചെയ്തേനെ.
പിന്നെ ഒരു കാര്യത്തിലേയുള്ളൂ സമാധാനം.
–‘‘പത്രപ്രവര്‍ത്തകയ്ക്ക് എന്തൊരു കുളിര്‍മ്മ’’ എന്ന് ഏതെങ്കിലും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റ് ഇതുവരെ ഇട്ടിട്ടില്ല. അവളുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട് എന്ന് പോലീസ് വെളിപ്പെടുത്തിയെന്നു റിപ്പോര്‍ട്ട് വന്നിട്ടില്ല. സ്ഥാപനത്തിനു പേരുദോഷമുണ്ടാക്കിയെന്ന് ആരോപിച്ച് അവള്‍ക്കെതിരേ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനം ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല.
എങ്കിലും, ആ സദാചാരപ്പോലീസുകാരന്‍ തലസ്ഥാനത്തെ പ്രബലനാണ്. പിടിപാടുള്ള പത്രപ്രവര്‍ത്തകരുടെമേല്‍ സ്വാധീനമുള്ളയാളാണ്. ഉന്നത രാഷ്ട്രീയബന്ധങ്ങളുള്ളയാളാണ്.
ഒരു അറസ്റ്റ് കൊണ്ടൊന്നും അവള്‍ക്കു നീതി ഉറപ്പാകുന്നില്ല എന്നു ചുരുക്കം.
പക്ഷേ, എനിക്ക് പ്രത്യാശയുണ്ട്.
അവള്‍ക്കു വേണ്ടി മുദ്രാവാക്യം വിളിക്കാന്‍, ഒന്നിച്ചു നില്‍ക്കുകയാണു ശക്തി എന്നു ബോധ്യമുള്ള, പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ ഒപ്പമുണ്ടാകും എന്ന്.
അവര്‍ തോറ്റുകൊടുക്കാന്‍ തയ്യാറില്ലാത്തവരാണ്.
–അവളെപ്പോലെതന്നെ.
കെ ആര്‍ മീരയുടെ എഫ് ബി പോസ്റ്റ്
Comments are closed.